കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് മുത്തൂറ്റ് എം ജോര്‍ജ്ജ് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായുള്ള പിന്തുണ നല്കുന്ന പദ്ധതിയുടെ ഒന്‍പതാം പതിപ്പാണിത്.
രാജ്യവ്യാപകമായി ബിടെക്, എംബിബിഎസ്, ബിഎസ്സി നഴ്സിങ് കോഴ്സുകള്‍ക്ക് ഈ അധ്യയന വര്‍ഷം പ്രവേശനം ലഭിച്ച 210 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പുകള്‍ സമ്മാനിച്ചത്. ഇതില്‍ കേരളത്തില്‍നിന്നുള്ള 30 വിദ്യാര്‍ത്ഥികളെ ഇന്നത്തെ ചടങ്ങില്‍ ആദരിച്ചു.
എംബിബിഎസ്, ബിടെക്, ബിഎസ്സി നഴ്സിങ് എന്നീ കോഴ്സുകള്‍ക്കായുള്ള 10 വീതം വിദ്യാര്‍ത്ഥികളെയാണ് കേരളത്തില്‍ നിന്നു തെരഞ്ഞെടുത്തത്. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് നാലു വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 60,000 രൂപ വീതം 2,40,000 രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും. ബിടെക്, ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് നാലു വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 30,000 രൂപ വീതം 1,20,000 രൂപയുടെ സ്കോളര്‍ഷിപ്പായിരിക്കും ലഭിക്കുക. കേരളത്തില്‍ നിന്നുള്ള സ്കോളര്‍ഷിപ്പ് ജേതാക്കള്‍ക്കായി 48 ലക്ഷം രൂപയാണ് ചിലവഴിച്ചത്.
ദേശീയ തലത്തില്‍ 70 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തെ കോഴ്സ് കാലയളവില്‍ 2.40 ലക്ഷം രൂപ വീതം ലഭിക്കും, അതായത് എംബിബിഎസ് സ്ട്രീമിന് ആകെ 1.68 കോടി രൂപ അനുവദിക്കും. 70 ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്കും 70 ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും നാല് വര്‍ഷത്തേക്ക് 1.20 ലക്ഷം രൂപ വീതം അനുവദിക്കും, അതായത് ഓരോ സ്ട്രീമിനും 84 ലക്ഷം രൂപ അനുവദിക്കും. 2025-26 അധ്യയന വര്‍ഷം 210 വിദ്യാര്‍ത്ഥികള്‍ക്കുള്ള ആകെ സ്കോളര്‍ഷിപ്പിനായി 3.36 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി രാജ്യവ്യാപകമായി ആകെ 394 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളത്. സ്കോളര്‍ഷിപ്പുകള്‍ക്കായി ആകെ 4.62 കോടി രൂപയാണ് ചിലവാക്കിയത്. രാജ്യത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസം വികസിപ്പിക്കുന്നതില്‍ കമ്പനിക്കുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.
മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് സ്കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. ഹൈക്കോടതി മുന്‍ ജഡ്ജി ബഹുമാനപ്പെട്ട ജസ്റ്റിസ് കെ. സുരേന്ദ്ര മോഹന്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് മാനേജിങ് ഡയറക്ടര്‍ സി ജെ ജോര്‍ജ്ജ്, എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര് ഷഹീര്‍ഷ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സാമൂഹിക മാറ്റത്തിനായുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് വിദ്യാഭ്യാസമെന്ന് ചടങ്ങില്‍ സംസാരിച്ച മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കഴിവുള്ള മികച്ച വിദ്യാര്‍ത്ഥികള്‍ സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ പിന്തള്ളപ്പെട്ട് പോകരുതെന്ന് മുത്തൂറ്റ് എം ജോര്‍ജ്ജ് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിലൂടെ തങ്ങള്‍ ഉറപ്പാക്കുകയാണ്. ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ള 30 പേര് ഉള്‍പ്പെടെ 210 വിദ്യാര്‍ത്ഥികളെ പിന്തുണച്ചതിലൂടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതാണ് ഏറ്റവും ശക്തമായ സമൂഹത്തെ വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗമെന്ന തങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ തങ്ങളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള സുസ്ഥിരവും അര്‍ത്ഥവത്തുമായ പിന്തുണയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ച് സംസാരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് പറഞ്ഞു. സംസ്ഥാനത്തോട് തങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പ്രതിബദ്ധതയാണ് കേരളാ ഘടകം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ വികസനത്തിനായി സംഭാവനകള്‍ ചെയ്യുന്ന കഴിവുള്ള പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കാനുള്ള തങ്ങളുടെ ദീര്‍ഘകാല ശ്രദ്ധ ദേശീയ തലത്തിലുള്ള പദ്ധതിയും ചൂണ്ടിക്കാട്ടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ തുല്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി മികച്ച വിദ്യാഭ്യാസം ലഭ്യമാക്കേണ്ടത് അടിസ്ഥാനപരമായ ആവശ്യമാണെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്‍ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കഴിവുറ്റ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതില്‍ മുത്തൂറ്റ് എം ജോര്‍ജ് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ പോലുള്ള പദ്ധതികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് അവരെ ആത്മവിശ്വാസത്തോടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടാന്‍ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തില്‍ പിന്തുണ നല്‍കുകയാണ് മുത്തൂറ്റ് എം ജോര്‍ജ്ജ് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. ക്രമബദ്ധമായി ഓരോ വര്‍ഷവും ലഭ്യമാക്കുന്ന സാമ്പത്തിക പിന്തുണയോടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്ത് വിദ്യാഭ്യാസത്തിലൂടെയുള്ള ശാക്തീകരണത്തിന് ഇതു സഹായകമാകുന്നു.
ഒന്‍പതാം പതിപ്പില്‍ എത്തി നില്ക്കുന്ന ഈ പദ്ധതി മുത്തൂറ്റ് ഫിനാന്‍സ് വിദ്യാഭ്യാസ, യുവ ശാക്തീകരണ രംഗങ്ങളില്‍ നല്കുന്ന ശ്രദ്ധ ശക്തമാക്കുകയാണ്. ഇതിലൂടെയുള്ള ക്രമബദ്ധമായ പിന്തുണ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്.