കൊച്ചി: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഭവനവായ്പകൾ ലഭ്യമാക്കുന്നതിനായി പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കും മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡും തമ്മിൽ തന്ത്രപ്രധാനമായ ബിസിനസ്സ് പങ്കാളിത്തത്തിൽ ഏർപ്പെട്ടു. സൗത്ത് ഇന്ത്യന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആര് ശേഷാദ്രി, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് എന്നിവർ പങ്കാളിത്ത കരാർ കൈമാറി.
കരാർ പ്രകാരം, വിവിധ പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട മുത്തൂറ്റ് എംക്രെഡ് ശാഖകൾ വഴി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഭവനവായ്പകൾ യോഗ്യരായ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഇത് സാധാരണക്കാർക്ക് വലിയ തോതിൽ ഭവനവായ്പ എളുപ്പത്തിൽ ലഭിക്കാൻ വഴിയൊരുക്കും.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഭവനവായ്പാ രംഗത്തെ വൈദഗ്ധ്യവും ദക്ഷിണേന്ത്യയിലുടനീളമുള്ള മുത്തൂറ്റ് എംക്രെഡിന്റെ വിപുലമായ ശാഖാ ശൃംഖലയും ഒരുമിക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് ബാങ്കിന്റെ സേവനങ്ങൾ വേഗത്തിൽ എത്തിക്കാൻ സാധിക്കും. ഇത് കൂടുതൽ സാധാരണ കുടുംബങ്ങൾക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്നതിനോടൊപ്പം സാമ്പത്തിക ഉൾപ്പെടുത്തൽ കൂടുതൽ ശക്തമാക്കുകയും ചെയ്യും.
കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട ഭവന നിർമ്മാണ പദ്ധതികളായ പ്രധാൻ മന്ത്രി ആവാസ് യോജന (PMAY-U 2.0), ക്രെഡിറ്റ് റിസ്ക് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ ലോ ഇൻകം ഹൗസിംഗ് (CRGFTLIH) എന്നിവയെ പിന്തുണയ്ക്കുന്നതാണ് ഈ പങ്കാളിത്തം. സാധാരണക്കാർക്ക് ഔദ്യോഗിക ഭവനവായ്പാ സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും, ഉപഭോക്താക്കൾക്കും ഇരു സ്ഥാപനങ്ങൾക്കും സുസ്ഥിരമായ മൂല്യം സൃഷ്ടിക്കുന്നതിനും ഈ കൂട്ടായ്മ വഴിയൊരുക്കും.
സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആന്റോ ജോർജ് ടി, ചീഫ് ജനറൽ മാനേജരും കോർപ്പറേറ്റ് ബിസിനസ് ഗ്രൂപ്പ് മേധാവിയുമായ മിനു മൂഞ്ഞേലി, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ഇ. മത്തായി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.