തിരുവന്തപുരം: രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് പ്രമുഖ യാത്രാ സേവന ദാതാക്കളായ ഊബറുമായി ചേര്‍ന്നുള്ള പുതിയ സഹകരണത്തിന് തുടക്കമിട്ടതോടെ ഇനി മുതല്‍ ഊബര്‍ യാത്രകളിലും ഫ്ളിപ്കാര്‍ട്ട് സൂപ്പര്‍ കോയിനുകള്‍ നേടാം. സൂപ്പര്‍ കോയിന് പദ്ധതിയെ സമഗ്രമായ ‘ലൈഫ് സ്റ്റൈല്‍ ലോയല്‍റ്റി പ്രോഗ്രാമാക്കി’ മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദൈനംദിന യാത്രകള്‍ക്കൊപ്പം അധിക ലാഭം ഉറപ്പാക്കാനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കും.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഫ്ളിപ്കാര്‍ട്ട്, ഊബര്‍ അക്കൗണ്ടുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ ഓരോ ഊബര്‍ യാത്രയ്ക്കും യാത്രാക്കൂലിയുടെ നാല് ശതമാനം സൂപ്പര്‍ കോയിനുകളായി തിരികെ ലഭിക്കും. ഒരു യാത്രയില്‍ പരമാവധി 150 സൂപ്പര്‍ കോയിനുകള്‍ വരെ ലഭിക്കും. എന്നാല്‍ ഒരാള്‍ക്ക് ആകെ നേടാവുന്ന പോയിന്റുകള്‍ക്ക് പരിധിയില്ല. ലഭിക്കുന്ന സൂപ്പര്‍ കോയിനുകള്‍ ഉപഭോക്താവിന്റെ ഫ്ളിപ്കാര്‍ട്ട് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും. ഇങ്ങനെ ലഭിക്കുന്ന കോയിനുകള്‍ ഫ്ളിപ്കാര്‍ട്ട് പ്ലാറ്റ്ഫോമില്‍ മാത്രമല്ല, ഫ്ളിപ്കാര്‍ട്ട് മിനിറ്റ്സ് ക്ലിയര്‍ട്രിപ്പ് എന്നിവടങ്ങളിലും മറ്റ് പങ്കാളിത്ത ബ്രാന്‍ഡുകളിലും ഷോപ്പിംഗിനായി ഉപയോഗിക്കാവുന്നതാണ്.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി പരിമിതകാല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി ഊബര്‍ ഉപയോഗിക്കുന്നവര്‍ക്കും കഴിഞ്ഞ 84 ദിവസമായി ഊബര്‍ ആപ്പ് ഉപയോഗിക്കാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഫ്ളിപ്കാര്‍ട്ട്-ഊബര്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ച് 28 ദിവസത്തിനുള്ളില്‍ ആദ്യ യാത്ര പൂര്‍ത്തിയാക്കിയാല്‍ 150 ബോണസ് സൂപ്പര്‍ കോയിനുകള്‍ സ്വന്തമാക്കാം. 2026 ഏപ്രില്‍ 15-നും ഏപ്രില്‍ 30-നും ഇടയില്‍ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍ ലഭ്യമാണ്. ഇവര്‍ 28 ദിവസത്തിനുള്ളില്‍ ആദ്യ യാത്ര പൂര്‍ത്തിയാക്കുകയാണെങ്കില്‍ അധികമായി 50 ബോണസ് സൂപ്പര്‍ കോയിനുകള്‍ കൂടി ലഭിക്കും.